
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഉടൻ മുൻഗണന നൽകാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാകരുതെന്ന് കോടതി വ്യക്തമാക്കി.
ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ ആദ്യം പരിഗണന നൽകുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനാണ് നിലവിൽ കേന്ദ്രത്തിന്റെ മുൻഗണനയെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയെ അറിയിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ വാദത്തോട് കോടതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
“ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ?” എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കേരളം ആരോഗ്യരംഗത്ത് മികച്ച നിലയിലാണെന്ന കാരണത്താൽ എയിംസിന്റെ ആവശ്യമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായ കേരളത്തിന് എയിംസ് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
കേരളം ആരോഗ്യരംഗത്ത് മുന്നിലാണെങ്കിൽ ദില്ലിയിൽ എങ്ങനെയാണ് എയിംസ് സ്ഥാപിച്ചതെന്നും കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. കേരളം ഒരു എയിംസിന് അർഹമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.










